ആറന്മുളയില്‍ പറന്നിറങ്ങാന്‍ സര്‍ക്കാരും

തിരുവനന്തപുരം: | WEBDUNIA| Last Modified വെള്ളി, 11 ജനുവരി 2013 (02:18 IST)
PRO
PRO
ആറന്മുളയില്‍ പറന്നിറങ്ങാന്‍ സര്‍ക്കാരും ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ആറന്‍മുള സ്വകാര്യ വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാര്‍ പത്തുശതമാനം ഓഹരിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭൂമി വിപണിവിലയ്ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തു ശതമാനം ഓഹരിയെടുക്കുമെങ്കിലും ഇതിനായി സംസ്ഥാനം പണം ചെലവാക്കില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയും ഉണ്ടാകും.

പദ്ധതിക്കായി സംസ്ഥാനത്തിന്റെ അനുമതി നല്‍കാനും പദ്ധതി പ്രദേശത്തെ പുറമ്പോക്ക് ഭൂമിക്ക് മോഹവില ഈടാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക‍ഴിഞ്ഞ സര്‍ക്കാര്‍ വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തതില്‍ ചില പ്രദേശങ്ങള്‍ ഡീ നോട്ടിഫൈ ചെയ്യും. ജനങ്ങളുടെ താല്‍പര്യത്തിന് എതിരായി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സര്‍ക്കാര്‍ തോടും ഭൂമിയും കയ്യേറിയതിനെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങിയിരുന്നു. കൂടാതെ പോക്കു വരവ് റദ്ദാക്കുകയും ചെയ്തു. മിച്ച ഭൂമി പിടിച്ചെടുക്കാനായി നോട്ടിസും നല്‍കിയിരുന്നു. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്നും കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സ്വന്തം ഭൂമി കമ്പനിക്ക് വിറ്റ് പദ്ധതിക്ക് പച്ചക്കൊടി കാട്ടാനുള്ള മന്ത്രിസഭാ തീരൂമാനം.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് മുന്‍കകൈയെടുക്കില്ലെന്നും സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കില്ല. സമരക്കാര്‍ മുന്നോട്ടു വന്നാല്‍ ചര്‍ച്ച നടത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ബില്ലിന്റെ വിശദാംശം കേന്ദ്രത്തെ അറിയിക്കും.

മുന്നോക്ക വിഭാഗങ്ങളിലെ ബിപിഎല്ലുകാര്‍ക്ക് പത്തു ശതമാനം വിദ്യാഭ്യാസ സംവരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും. ടി എം മനോഹരെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനാക്കാനും മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :