ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് പരോളില്ല. പിള്ളയുടെ പരോള്‍ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളി. പത്തു ദിവസത്തെ പരോളിനായിരുന്നു പിള്ള അപേക്ഷ നല്കിയിരുന്നത്.
ഭാര്യ വത്സലയ്ക്ക് സുഖമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിളള പരോള്‍ അപേക്ഷ സമര്‍പ്പിച്ചത്. പിള്ളയ്ക്ക് പരോള്‍ നല്‍കുന്നത് കൊട്ടാരക്കരയില്‍ ക്രമസമാധാന നില തകരാറിലാക്കുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്ന്, ജയില്‍ എ ഡി ജി പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പിള്ളയ്ക്ക് ഉടന്‍ പരോള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാനും യോഗം തീരുമാനിച്ചിരുന്നു.
ഭാര്യയുടെ ചികിത്സയ്ക്കായി 10 ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പിള്ളയ്ക്ക് പരോള്‍ അനുവദിക്കുന്ന തീരുമാനമെടുക്കാതെ ജയില്‍ സൂപ്രണ്ട് ജയില്‍ എ ഡി ജി പിക്ക് സമര്‍പ്പിക്കുകയായിരുന്നു.