ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ടി എന്‍ പ്രതാപനും വി ഡി സതീശനും ഉയര്‍ത്തുന്ന കടുത്ത വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡി‌എഫില്‍ തര്‍ക്കങ്ങളൊന്നുമില്ല. ഇതു സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന യുഡി‌എഫ് യോഗത്തില്‍ തീരുമാനമെടുക്കും. ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഇളവു ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഫയല്‍ കണ്ടതിനു ശേഷം എടുക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വി ഡി സതീശനു പിന്നാലെ ടി എന്‍ പ്രതാപനും രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സാമുദായിക പരിഗണന നല്‍കി കുറുക്കുവഴികളിലൂടെയാണ് മന്ത്രിമാരെ നിശ്ചയിച്ചത് എന്നും കഴിവ് മാനദണ്ഡമാക്കിയില്ല എന്നും തുറന്നടിച്ച ടി എന്‍ പ്രതാ‍പന്‍ നിയമസഭയുടെ ഗാലറിയില്‍ പോലും ഇരിക്കാത്തവര്‍ പലരും മന്ത്രിമാരായി എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, വി ഡി സതീശനെ പോലുള്ളവരെ മന്ത്രിയാക്കാത്തതിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി പറയണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.

ഒരു കോളജ് തെരഞ്ഞെടുപ്പിന്റെ പോലും തയ്യാറെടുപ്പ് ഇല്ലാതെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു എന്നുമാണ് വി ഡി സതീശന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :