ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. പൊലീസിന്റെ ചെയ്തികള്‍ ജനശ്രദ്ധയില്‍പ്പെടുത്തുകയാണ് താന്‍ ചെയ്തത്. പൗരന്‍മാരുടെ അവകാശധ്വംസനങ്ങള്‍ പൊതുജനമധ്യത്തില്‍ ഉന്നയിക്കുകയെന്നത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും എളമരം പറഞ്ഞു.
കേസില്‍ കസ്റ്റഡിയിലെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്നാം മുറ പ്രയോഗിക്കുകയായിരുന്നു. ഈ നിയമവിരുദ്ധമായ പ്രവര്‍ത്തനം ജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ മാത്രമേ താന്‍ശ്രമിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ വി സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എളമരം കരീമിനെതിരേ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ സി പി എം നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുന്നതിനെതിരെ വടകരയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എളമരം സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത്.