ആദിവാസി സമരം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. വയനാട്ടിലെ ആദിവാസി ഭൂസമരം സംബന്ധിച്ചാണ് അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ 52 ദിവസങ്ങളായി വയനാട്ടില്‍ ഭൂമിക്കു വേണ്ടി നടത്തുന്ന സമരത്തോട്‌ സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന്‌ എ കെ ബാലന്‍ നിയമസഭയില്‍ ആരോപിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ ജയിലിലാണ്‌. സമരം ചെയ്യുന്ന ആദിവാസികളെ റിമാന്‍ഡ്‌ ചെയ്യില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുപോലും ലംഘിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആദിവാസികളെ എല്‍ ഡി എഫ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. അറസ്റ്റിലാകുന്നവരെ ജാമ്യത്തിലിറക്കാമെന്ന്‌ എല്‍ഡിഎഫ് ആണ് സമരക്കാര്‍ക്ക്‌ ഉറപ്പ് നല്‍കിയിരിക്കുന്നത്. ആ ഉറപ്പാണ്‌ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ കൈവശം ചില രേഖകളുണ്ടെന്നും അത്‌ മേശപ്പുറത്ത്‌ വെയ്ക്കാന്‍ അനുവദിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സകല നിയന്ത്രണങ്ങളും വിട്ട്‌ സഭയെ ബാലന്‍ കൈയ്യിലെടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സ്പീക്കര്‍ റൂളിംഗ്‌ നല്‍കി. ഇത്‌ ശരിയല്ലെന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ എ കെ ബാലനെ മനസിലാക്കിക്കണമെന്നും സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :