ഷാജി കൈലാസ് സംവിധാനം ചെയ്ത ആഗസ്റ്റ് 15 കണ്ട് ഹരം കയറിയ ഒരാള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി. അടൂര്‍ സ്വദേശി പുഷ്പന്‍ എന്നയാളാണ് വി എസിനെതിരെ വധഭീഷണി മുഴക്കിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പുഷ്പന്‍റെ ഫോണ്‍ കോള്‍ എത്തിയത്. ‘മുഖ്യമന്ത്രിയെ കൊലപ്പെടുത്തും’ എന്നായിരുന്നു ഭീഷണി. 9946391869 എന്ന നമ്പരില്‍ നിന്നായിരുന്നു ഭീഷണി കോള്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഷ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ചൊവ്വാഴ്ച പുഷ്പന്‍ ആഗസ്റ്റ് 15 എന്ന സിനിമ കണ്ടിരുന്നു. ആ ചിത്രത്തില്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നടക്കുന്ന കൊലയാളി(സിദ്ദിഖ്)യോട് ആരാധന തോന്നിയാണ് അനുകരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ‘വി എസിനെ വധിക്കും’ എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പുഷ്പന്‍ ഒരു മനോരോഗിയാണോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
മുഖ്യമന്ത്രിയെ വധിക്കാനായി ഒരു കൊലയാളിയെത്തുന്നതും അയാളെ കുടുക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍(മമ്മൂട്ടി) നടത്തുന്ന ശ്രമങ്ങളുമാണ് ആഗസ്റ്റ് 15 എന്ന സിനിമയുടെ പ്രമേയം. ചിത്രത്തില്‍ വി എസിനോട് സാദൃശ്യമുള്ള മുഖ്യമന്ത്രിയായി നെടുമുടി വേണുവാണ് അഭിനയിച്ചിരിക്കുന്നത്.