ആക്ഷന്‍ ഹീറോ അച്ഛന്‍! അച്ഛാ നിങ്ങളു മാസ്സ് ആണ്, വെറും മാസ്സ് അല്ല മരണമാസ്സ് - മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

‘ഒരു പോലീസുകാരന്റെ പുളുവടി എന്നതിനുപരി മറ്റൊന്നും തന്നെ അദ്ദേഹത്തിനു കൊടുത്തിട്ടില്ല, പക്ഷേ ഇന്ന് കണ്ണ് നിറഞ്ഞ് പോയി’ - വൈറലാകുന്ന പോസ്റ്റ്

aparna| Last Modified ശനി, 5 ഓഗസ്റ്റ് 2017 (14:22 IST)
പൊലീസുകാരുടെ ജീവിതം പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകില്ല. നിരവധി കുറ്റവാളികളെ കണ്ട് അവരുടെ മനസ്സ് കല്ലാണെന്നൊക്കെ പറയുന്നവരുണ്ട്. എന്നാല്‍, പൊലീസുകാരനായിരുന്നപ്പോള്‍ അച്ഛന്റെ വാക്കുകള്‍ക്ക് താന്‍ വിലകല്‍പ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നതെല്ലാം പുളുവടിയാണെന്ന് കരുതിയിരുന്നെന്ന് അക്ഷയ് കൃഷ്ണയെന്ന യുവാവ് പറയുന്നു. വിരമിച്ച സമയത്ത് അച്ഛനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞത് കേട്ട് സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയെന്ന് അക്ഷയ് തന്റെ ഫെസ്ബുക്കില്‍ കുറിച്ചു.

വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:

ആക്ഷന്‍ ഹീറോ അച്ഛന്‍ - സത്യം, വെറും ഷോ കാണിക്കാന്‍ വേണ്ടി ഞാന്‍ ഇടുന്ന പോസ്റ്റല്ല ഇത്. മറിച്ചു നീണ്ട 34 വര്‍ഷം പോലീസ് സേനയെ സേവിച്ച ഒരു പോലീസുകാരന് വേണ്ടിയുള്ള ഒരു പോസ്റ്റ്.

34 വർഷത്തെ സേവനത്തിനു ശേഷം എന്റെ അച്ഛന്‍ ഇന്നു റിട്ടയര്‍ ആയി. ഒരുപാട് വിഷമം ഉള്ളിലൊതുക്കി പുറത്തു വെറും പുഞ്ചിരി മാത്രം വിടര്‍ത്തി എന്റെ അച്ഛന്‍ ഇന്നു സർവീസിൽ നിന്നു വിരമിച്ചു. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും ഒഴിവു സമയങ്ങളിലും അച്ഛന്‍ പലപ്പോഴായി എന്നോടും അമ്മയോടും അച്ഛന്റെ അനുഭവത്തിലുണ്ടായ പല കഥകള്‍ പറഞ്ഞട്ടുണ്ടെങ്കിലും അവയെല്ലാം വെറും ലാഘവത്തോടെ ആണ് ഞങ്ങള്‍ കേട്ടിരുന്നത്. ഒരു പോലീസുകാരന്റെ പുളുവടി എന്നതിനുപരി മറ്റൊന്നുംതന്നെ അദ്ദേഹത്തിനു കൊടുത്തിട്ടില്ല.

പക്ഷെ ഇന്നു അച്ഛന്റെ റിട്ടയര്‍മെന്റ് വേദിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അച്ഛനെ പ്രശംസിച്ചപ്പോല്‍ ശെരിക്കും കണ്ണുകല്‍ നിറഞ്ഞു പോയി. സാധാരണ ഒരു സബ് ഇൻസ്‌പെക്ടറുടെ റിട്ടയര്‍മെന്റ് വേദിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം. സദസിനിടയില്‍ ഉണ്ടായിരുന്ന എന്നെയും അമ്മയെയും ഇതു ശരിക്കും ആശ്ചര്യപ്പെടുത്തി.

അച്ഛന്‍ ഞങ്ങളോട് പങ്കുവച്ച പല കഥകളും അവര്‍ അഭിമാനത്തോടുകൂടി പങ്കുവക്കുന്നു. അതെ അന്ന് അച്ഛന്‍ പറഞ്ഞതെല്ലാം പച്ചയായ സത്യം മാത്രം. അവയെല്ലാം കുറ്റബോധത്തോടുകൂടി ഞങ്ങള്‍ കേട്ടിരിരുന്നു. എന്റെ ബാല്യകാലത്തു രാത്രി ഉറങ്ങുന്നതിനു മുന്പും രാവിലെ എഴുന്നേക്കുമ്പോഴും അച്ഛനെ കാണാന്‍ കഴിയുന്ന സാഹചര്യം വളരെ വിരളമായിരുന്നു. എങ്കില്‍കൂടി അച്ഛനോടുള്ള അടുപ്പത്തിന് ഒരികല്‍ പോലും ഒരു കുറവുമുണ്ടായിട്ടില്ല എന്നതാണ് സത്യം.

കുസൃതി കാട്ടുമ്പോള്‍ തല്ലാന്‍ ഓടിക്കുന്ന അമ്മയെ ഭയന്നു ഓടിയൊളിക്കുന്നത് അച്ചന്റെ മടിയിലും. കാലങ്ങള്‍ കടന്നു പോയി ഇപ്പോള്‍ സ്വന്തം സുഹൃത്തിനെ പോലെ എനിക്കെന്തും പങ്കുവെക്കാന്‍ കഴിയുന്ന ഒരു ആത്മമിത്രമായും ഒപ്പം എപ്പോഴും ഒരു രക്ഷകനെപ്പോലെ കൂടെ നില്‍ക്കുന്ന അച്ഛാ നിങ്ങളു മാസ്സ് ആണ്… വെറും മാസ്സ് അല്ല മരണമാസ്സ്…

ഒരു നല്ല പോലീസുകാരൻ ഒരിക്കലും നല്ല അച്ഛൻ ആവുകയില്ല എന്നു പറയുന്ന ചില ചേട്ടന്മാരും ചേച്ചിമാരും കേൾക്കുവാൻ ഞാൻ ഉറക്കെത്തന്നെ പറയുന്നു.. അതെ എന്റെ അച്ഛൻ ഒരു ഹീറോ ആണ് ” A real hero ”




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :