ആ സിനിമാക്കളിയില്‍ വി‌എസിന്റെ മകനില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനല്ല താന്‍ ‘ആയുധം’ എന്ന സിനിമ എടുത്തതെന്നും ഒരു തവണ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നതൊഴിച്ചാല്‍ ഒരുതരത്തിലും വി‌എസിന്റെ മകന്‍ അരുണ്‍കുമാര്‍ സിനിമയില്‍ ഇടപ്പെട്ടിട്ടില്ലെന്നും സിനിമയുടെ സംവിധായകന്‍ എം‌എ നിഷാദ്. മുഖ്യമന്ത്രിയുടെ ‘ഇമേജ്’ വര്‍ദ്ധിപ്പിക്കാനായി മുഖ്യന്റെ മകന്‍ കണ്ടെടുത്ത ആശയമാണ് ആയുധം എന്ന സിനിമ എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് എം‌എ നിഷാദ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

“ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ ഞാന്‍ പഠിച്ചിരുന്ന കാലം മുതല്‍ ഇരുപത് വര്‍ഷമായി തുടരുന്ന സൗഹൃദമാണ് എനിക്ക് അരുണുമായുള്ളത്. 2008-ല്‍ പുറത്തിറങ്ങിയ ആയുധത്തിന്റെ കഥ ഞാന്‍ ആദ്യം പറഞ്ഞത് അരുണിനോടാണ്. മുഖ്യമന്ത്രിയെ മനസില്‍ കണ്ടിട്ടു തന്നെയാണ് തിരക്കഥ തയാറാക്കിയത്. അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യു ചിത്രത്തിന്റെ മൈലേജ് കൂട്ടും എന്ന മാര്‍ക്കറ്റിംഗ് തന്ത്രവും ഇതിനു പിന്നിലുണ്ടായിരുന്നു.”

“അരുണ്‍കുമാറാണ് അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന പേരില്‍ നിര്‍മാതാവായെത്തിയ ഷെഫീക്കിനെ പരിചയപ്പെടുത്തിയത്. നിര്‍മാതാവ് പണം കൃത്യമായി തരുന്നുണ്ടോടെന്നു മാത്രമാണ് താന്‍ ചിന്തിച്ചത്. എന്നാല്‍ ഷെഫീക്ക് എന്നോട് സിപിഎം വിഭാഗീയത കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിച്ച് മുഖ്യമന്ത്രി കഥാപാത്രത്തിന് മിഴിവു കൂട്ടിക്കൂടെ എന്നു ചോദിച്ചിരുന്നു. വി‌എസിന്റെ പ്രതിച്ഛായക്ക് തിളക്കം പകരുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് അരുണ്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരിക്കല്‍ മാത്രമാണ് അരുണ്‍ സിനിമയുടെ ലൊക്കേഷനില്‍ വന്നത്” - നിഷാദ് പറയുന്നു.

സി‌പി‌എമ്മിലെ വിഭാഗീയത സിനിമയില്‍ തെളിയുന്നത് ഇത് ആദ്യമല്ല. സി‌പി‌എം ഔദ്യോഗിക പക്ഷത്തിന്റെ താല്‍‌പര്യങ്ങളെ സംരക്ഷിക്കുകയും മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന സിനിമയായിരുന്നു രൌദ്രം. ഔദ്യോഗിക പക്ഷത്തിന്റെ സിനിമാക്കളിക്കെതിരെ മുഖ്യമന്ത്രിയോട് സൌഹൃദം പുലര്‍ത്തുന്ന ആളുകള്‍ നല്‍കിയ മറുപടിയാണോ ആയുധമെന്ന് വ്യക്തമല്ല. എങ്കിലും, നിര്‍മാതാവായെത്തിയ ഷെഫീക്ക് പിന്നീട് ചലചിത്ര മേഖലയുമായി ബന്ധപ്പെടുകയോ മറ്റൊരു ചിത്രം നിര്‍മിക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യം ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :