rahul balan|
Last Updated:
തിങ്കള്‍, 7 മാര്‍ച്ച് 2016 (13:07 IST)
മിമിക്രി രംഗത്തു നിന്നാണ് സിനിമരംഗത്ത് എത്തിയതെങ്കിലും കലാഭവന്‍ മണിയെ മലയാളികള്‍ നെഞ്ചിലേറ്റിയത് നാടന്‍ പാട്ടിലൂടെയായിരുന്നു. ഒരു തരത്തില്‍ നാടന്‍ പാട്ടിനെ ജനകീയമാക്കുന്നതില്‍ കലാഭവന്‍ മണി വഹിച്ച പങ്ക് വളരെ വലുതാണ്. മലയാളികള്‍ മറന്നു തുടങ്ങിയ പല നാടന്‍ പാട്ടുകളും മണിയിലൂടെ ഒരിക്കല്‍ കൂടി കേരളക്കര പാടിത്തുടങ്ങി. മണിയുടേതായി നിരവധിപാട്ടുകള്‍
നാടന്‍പാട്ട് കാസറ്റുകളിലായി പുറത്തുവന്നു.
1995ല്‍ പുറത്തിറങ്ങിയ അക്ഷരമാണ് മണിയുടെ ആദ്യ മലയാള ചിത്രം. 1996ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പനിലൂടെയാണ് മണിയെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. സിനിമയുടെ ഉയരങ്ങളിലെത്തുമ്പോഴും ഒരു സാധാരണക്കാരനായി ജീവിക്കാനും അവരുടെ കൂടെ നില്‍ക്കാനും മണിക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ചാലക്കുടിക്കാര്‍ മണിയെ ഒരിക്കലും ഒരു സിനിമാ താരമായി കണ്ടിരുന്നില്ല.
കലാഭവനിലെ മിമിക്രി രംഗത്തിലൂടെയാണ് മണിയുടെ തുടക്കം. ഇടയ്ക്ക് ഒരു സീരിയല്‍ അഭിനയിച്ചതിന് മണിക്ക് കലാഭവനില്‍ നിന്നും വിട്ടുപോരേണ്ടി വന്നു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ നായകനായും വില്ലനായും അഛ്ചനായും മകനായും സഹോദരനായും മണി ഉണ്ടായിരുന്നു.
കാറ്റത്തൊരു പെണ്‍പൂവ് എന്ന സിനിമയിലാണ് മണി ആദ്യമായി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൈ ഡിയര്‍ കരടിയിലെ മണികണ്ഠനിലൂടെ മണി ആദ്യമായി നായകവേഷവുമണിഞ്ഞു. 1999ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു എന്ന കഥാപാത്രം കേരളക്കരയെ ആകെ കരയിപ്പിച്ചു. അന്ധഗായകനായെത്തിയ മണിയുടെ പ്രകടനം ദേശീയ ശ്രദ്ധതന്നെ പിടിച്ചുപറ്റി.
ചിത്രത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും പ്രത്യേക ജൂറി പരാമര്‍ശം മാത്രമാണ് മണിക്ക് ലഭിച്ചത്. പുരസ്‌കാര പ്രഖ്യാപനം കേട്ട് മണി ബോധരഹിതനായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഏത് വേദിയില്‍ എത്തിയാലും ങ്യാ..ഹഹ... എന്ന് ചിരിയിലായിരിക്കും മണി സംസാരിച്ച് തുടങ്ങുന്നത്. ആ ചിരിവരെ മലയാളികള്‍ നെഞ്ചിലേറ്റി. മണിയുടെ കരുമാടിക്കുട്ടൻ, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, സ്വർണം തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മണിയിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞു. വില്ലനായപ്പോൾ മണി കൂടുതൽ കരുത്തോടെ സ്ക്രീനിൽ നിറഞ്ഞു. തമിഴിലും തെലുങ്കിലും കന്നടയിലും മണി താരമായി.
കലാമണി എന്നു തമിഴർ അൻപോടെ വിളിച്ച മണി സാക്ഷാൽ രജനീകാന്തിന്റെയും വിക്രത്തിന്റെയും വിജയകാന്തിന്റെയുമൊക്കെ വില്ലനായി. സിനിമാരംഗത്തെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനായി മണി മാറി.