അവസാനം ‘നായകൻ’ ക്ഷമിച്ചു; മൊബൈല്‍ ഫോണില്‍ ‘വില്ലൻ’ പകർത്തിയ ആരാധകനെ പൊലീസ് വിട്ടയച്ചു

ലാലേട്ടന്‍ ക്ഷമിച്ചു; ‍‍വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആരാധകനെ വിട്ടയച്ചു

കണ്ണൂര്‍| സജിത്ത്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (16:32 IST)
മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയതിനു പൊലീസ് പിടിയിലായ ആരാധകനോടു ലാലേട്ടൻ ക്ഷമിച്ചു. തങ്ങള്‍ക്ക് പരാതിയില്ലെന്ന് വിതരണക്കാർ എഴുതിക്കൊടുത്തതിനാലാണ് പൊലീസ് യുവാവിന്റെ പേരിലുള്ള കേസ് ഒഴിവാക്കിയത്.

മോഹൻലാലിനോടുള്ള കടുത്ത ആരാധന മൂലം ‘വില്ലൻ’ ആദ്യഷോ കാണാനായി തിയേറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയായ യുവാവാണ് കണ്ണൂർ സവിത തിയറ്ററിൽ‍ നിന്ന് രാവിലെ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മൊബൈലിൽ പടം പകർത്തുന്നതു ശ്രദ്ധയില്‍പ്പെട്ട വിതരണക്കാരുടെ പ്രതിനിധിയാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് എത്തുകയും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മലയോരമേഖലയായ ചെമ്പന്തൊട്ടിയിലുള്ള മുപ്പത്തിമൂന്നുകാരനായ വർക്ക്ഷോപ്പ് ജീവനക്കാരനാണു പൊലീസ് പിടിയിലായത്. നാനൂറോളം സീറ്റുകളുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയ ശേഷമായിരുന്നു പ്രദർശനമൊരുക്കിയത്. അതിനിടെയാണ് യുവാവ് സ്റ്റണ്ട് രംഗത്തിൽ ആവേശം മൂത്ത് അത് മൊബൈലിൽ പകർത്തിയത്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണനാണ് ‘വില്ലൻ’ സംവിധാനം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :