അവകാശിയില്ലാത്ത കള്ളനോട്ട്: അവകാശി ശബരീനാഥ്!

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം നഗരത്തില്‍ ആള്‍താമസമില്ലാത്ത വീടിന്‍റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ നിന്ന് കണ്ടെടുത്ത ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകള്‍ക്കു പിന്നില്‍ ‘ടോട്ടല്‍ തട്ടിപ്പ്’ വീരന്‍ ശബരീനാഥാണെന്ന് സൂചന ലഭിച്ചു. ശബരീനാഥിന്‍റെ ആവശ്യത്തിനായാണ് ഈ കള്ളനോട്ടുകള്‍ അച്ചടിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ശബരീനാഥ് നല്‍കിയ 25 ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടുകള്‍ക്കു പകരമായി ഒരു കോടി രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കാമെന്ന കാരാറിന്‍റെ അടിസ്ഥാനത്തിലാണ് കള്ളനോട്ടുകള്‍ അടിച്ചതെന്ന് കരുതുന്നു. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പൊട്ടക്കുഴി - തേക്കിന്‍മൂട് റോഡിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മൂന്നുനിലക്കെട്ടിടത്തിന്‍റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നൂറിന്‍റെയും നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. റിസര്‍വ് ബാങ്ക് സെക്യൂരിറ്റി ത്രെഡ് ഉള്ള പേപ്പറുകള്‍, പ്രിന്‍റര്‍, കട്ടര്‍, സ്‌കാനര്‍ എന്നിവയും പൊലീസ് ഇതോടൊപ്പം പിടിച്ചെടുത്തിരുന്നു.

വീരപ്പന്‍ ശ്യാം എന്നയാളുടേതാണ് പിടിച്ചെടുത്ത കാറുകള്‍. അടുത്തിടെ ഒട്ടേറെ തട്ടിപ്പുകേസുകളില്‍ തുടര്‍ച്ചയായി അറസ്റ്റിലായതോടെ ശബരീനാഥിന്‍റെ സമ്പത്തിക നില തകര്‍ന്നിരുന്നു. ഇതില്‍ നിന്ന് രക്ഷനേടുന്നതിനായി ശബരീനാഥ് വീരപ്പന്‍ ശ്യാമിന്‍റെ സഹായം തേടുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. 25 ലക്ഷത്തിന്‍റെ യഥര്‍ത്ഥ നോട്ടുകള്‍ കൈമാറിയാല്‍ ഒരുകോടി രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കാമെന്നായിരുന്നു വീരപ്പന്‍ ശ്യാം ശബരീനാഥുമായുണ്ടാക്കിയ കരാര്‍ എന്നറിയുന്നു. എന്നാല്‍ ശബരീനാഥ് നല്‍കിയ 25 ലക്ഷം രൂപ കണ്ടെടുക്കാനായിട്ടില്ല. ക്രൈംബ്രാഞ്ചിനൊപ്പം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :