ഊഹങ്ങളും വിലയിരുത്തലുകളും ശരിയായി. മഞ്ഞളാംകുഴി അലി മുസ്ലിം ലീഗിലേക്കുതന്നെ. ഇന്ന് പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന യോഗത്തിലാണ് അലി തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്. തന്നെ അനുകൂലിക്കുന്നവര്‍ ലീഗിലേക്ക് വരണമെന്ന് നിര്‍ബന്ധമില്ല, അവര്‍ക്ക് യു ഡി എഫിലെ ഏത് കക്ഷിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നാണ് അലി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മങ്കട മണ്ഡലത്തില്‍ അലിയൊടൊപ്പം നില്‍ക്കുന്നവരുടെ യോഗം പെരിന്തല്‍മണ്ണയില്‍ ചേരുകയായിരുന്നു. തന്‍റെ ലീഗ് പ്രവേശനത്തിന് ഭൂരിപക്ഷം പേരുടെയും പിന്തുണ അലി ഉറപ്പാക്കിയതായാണ് സൂചന. എന്നാല്‍ ലീഗില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു മുന്നില്‍ യു ഡി എഫിലെ മറ്റു കക്ഷികളുടെ വാതിലുകള്‍ തുറക്കും.
മലപ്പുറത്ത് വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനത്തില്‍ വച്ചായിരിക്കും ലീഗ് അംഗത്വം അലി സ്വീകരിക്കുക. വന്‍ ജനപങ്കാളിത്തം ഈ സമ്മേളനത്തില്‍ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ലീഗും അലിയും ആരംഭിച്ചിട്ടുണ്ട്.
പി കെ കുഞ്ഞാലിക്കുട്ടിയുമായി പല തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അലി ലീഗിലേക്ക് എത്താനുള്ള തീരുമാനമെടുത്തത്. സി പി എം ബാന്ധവം അവസാനിച്ചപ്പോള്‍ തന്നെ അലിയെ യു ഡി എഫിലെ പല പാര്‍ട്ടികളും ക്ഷണിച്ചിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ക്ഷണത്തിനാണ് അലി മുന്‍തൂക്കം നല്‍കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അലി മങ്കടയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.