അറബികല്യാണ്യത്തിന് ഒത്താശ ചെയ്ത യത്തീംഖാനക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് കളക്ടര്‍. കോഴിക്കോട് കുറ്റിച്ചിറയിലെ സിയെസ്കൊ യത്തീംഖാനക്കെതിരെയാണ് നടപടിയില്ലാത്തത്. ലൈസന്‍സ് റദ്ദാക്കണമെന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും നിര്‍ദ്ദേശം കളക്ടര്‍ തള്ളി. എന്നാല്‍ പിഴയൊടുപ്പിക്കാന്‍ പോലും കളക്ടര്‍ സി ലതിക തയ്യാറാകുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊടുത്തതിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിവാഹപ്രായം 16 വയസാക്കി കുറച്ചുവെന്നുള്ള സര്‍ക്കുലറാണ് യത്തീംഖാന ഭാരവാഹികള്‍ ഹാജരാക്കിയത്. അറബികല്യാണത്തിലൂടെ യത്തീംഖാനയും സാമ്പത്തീക നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നതാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ യത്തീംഖാനയുടെ സെക്രട്ടറിയടക്കമുള്ള നാല് നടത്തിപ്പുകാര്‍ പ്രതികളാണ്.
ജൂണ്‍ 13 നാണ് യുഎഇ പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യുഎഇ യിലേക്ക് മടങ്ങിപ്പോയി.
തുടര്‍ന്ന് പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മലയാളിയായ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരും പ്രതികളാണ്.