സംസ്ഥാനത്തിന് അര്‍ഹമായ വൈദ്യുതി കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് വൈദ്യുതമന്ത്രി എ കെ ബാലന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്‍റെ ഉല്‍പാദന ശേഷി 83.95 മെഗാവാട്ടായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 83.95 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പാദിപ്പിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരി 24 വരെ അര്‍ഹമായിരുന്ന 7532.97 ദശലക്ഷം യൂണിറ്റിനു പകരം 6133.61 ദശലക്ഷം യൂണിറ്റു മാത്രമേ സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ളൂ. കേരളത്തിന് അണ്‍ലൊക്കേറ്റഡ് വിഹിതമായി കിട്ടിയിരുന്ന 184 മെഗാവാട്ട് പുനഃസ്ഥാപിക്കണമെന്നും, വിഹിതമായി കിട്ടേണ്ട 1041 മെഗാവാട്ട് പൂര്‍ണ തോതില്‍ ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി പി കെ ഗുരുദാസന്‍ അറിയിച്ചു. നിയമസഭയില്‍ ജോസഫ് എം പുതുശേരി, റോഷി അഗസ്റ്റിന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില്‍പന 13.32 കോടി ലിറ്ററായിരുന്നുവെന്നും, ആളോഹരി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍റെ ഉപഭോഗം 4.19 ലിറ്ററാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
നിയമവിരുദ്ധ കൈമാറ്റം റദ്ദുചെയ്യുന്നതിനു സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുള്ള കരട് ബില്ലിനു കേന്ദ്രാനുമതി ലഭിച്ചാല്‍ നിയമനിര്‍മ്മാണം തുടങ്ങുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി എസ് ശര്‍മ്മ പറഞ്ഞു. നിലവിലെ രജിസ്ട്രേഷന്‍ നിയമ പ്രകാരം നിയമവിരുദ്ധ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ വകുപ്പിന് അധികാരമില്ല. കോടതിക്കു മാത്രമേ അതിനുള്ള അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഫെയര്‍വാല്യൂ പ്രാബല്യത്തില്‍ വരുന്നതോടെ രജിസ്ട്രേഷന്‍ നിരക്കു കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ഫെയര്‍ വാല്യൂ നിശ്ചയിക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്. ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിച്ചുള്ള അന്തിമ വിജ്ഞാപനം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞളാം കുഴി അലി, ടി പി കുഞ്ഞുണ്ണി, കെ കെ ജയചന്ദ്രന്‍, എം ജെ ജേക്കബ്, കെ കെ ദിവാകരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതേസമയം, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ അഴിമതി സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വന്നു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.