WEBDUNIA|
Last Modified വെള്ളി, 26 നവംബര്‍ 2010 (13:06 IST)
അയ്യപ്പവേഷം കെട്ടി നിര്‍ബാധം പോക്കറ്റടി നടത്തിക്കൊണ്ടിരുന്ന ഒരാളെ വെള്ളിയാഴ്ച പൊലീസ് പിടികൂടി. വലിയ ശബ്ദത്തില്‍ ശരണം വിളിച്ചുകൊണ്ട് ഏതെങ്കിലും അയ്യപ്പസംഘത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്ന് തിക്കിലും തിരക്കിലും നീങ്ങുന്ന അയ്യപ്പഭക്തന്മാരുടെ പോക്കറ്റിലുള്ളത് അടിച്ചുമാറ്റുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
തേനി കടമലക്കുന്ന് സ്വദേശി മുത്തുസ്വാമി (34) യെയാണ് ഇന്നു പുലര്‍ച്ചെ മാളികപ്പുറം ക്ഷേത്രത്തിനു സമീപത്തുനിന്നു സന്നിധാനം എസ്ഐ ജി. സന്തോഷ്കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.
സന്നിധാനത്തും പരിസരത്തുമായി കുറച്ചുനാളുകളായി ഇയാളുണ്ട്. പല അയ്യപ്പസംഘങ്ങള്ക്കൊപ്പം ഇയാളെ കണ്ടപ്പോള്‍ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നടതുറന്നപ്പോള്‍ തിക്കിലും തിരക്കിലും ഊളയിട്ട് അയ്യപ്പഭക്തന്മാരുടെ പോക്കറ്റടിക്കാന്‍ തുനിഞ്ഞ ഇയാളെ പൊലീസ് പൊക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍, പണം എന്നിവയൊക്കെ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളതായി അറിയുന്നു.
വര്‍ഷങ്ങളായി ശബരിമല സീസണില്‍ സന്നിധാനത്ത് ഇയാളെത്തുകയും തമ്പടിക്കുകയും ചെയ്തിരുന്നതായും അറിയുന്നു. ഇയാളെ ഇന്നു റാന്നി കോടതിയില്‍ ഹാജരാക്കും.