അമ്പലപ്പുഴ പാല്‍പ്പായസം ത്രിവേണി മെഗാമാര്‍ക്കറ്റ് വഴി വില്‍പ്പന നടത്തിയത് വിവാദമാകുന്നു. വില്‍പ്പനയ്ക്കെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ത്രിവേണി മെഗാമാര്‍ക്കറ്റ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചു.
പാല്‍പ്പായസം ക്ഷേത്രത്തിന് പുറത്ത് ചില്ലറ വില്‍പ്പന നടത്തുന്നത് വിശ്വാസങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ക്ഷേത്രോപദേശക സമിതി പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമ്പലപ്പുഴയിലെ കച്ചേരിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി മെഗാമാര്‍ക്കറ്റ് വഴി അമ്പലപ്പുഴ പാല്‍പ്പായസം വില്‍ക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പായസ വില്‍പ്പന നടത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ നിലപാട്. ഈ പാല്‍പ്പായസം ത്രിവേണി വഴി ഒരു ഗ്ലാസിന് ആറു രൂപയ്ക്കാണ് വില്‍ക്കുന്നത്.
ഇത്തരത്തില്‍ പാല്‍പ്പായസം വില്‍പ്പന നടത്താന്‍ ക്ഷേത്രം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ക്ഷേത്രോപദേശക സമിതി പറയുന്നു. പേരും നാളും എഴുതി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ നിന്നും പാല്‍പ്പായസം നല്‍കുന്നത്. വിശേഷമായ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാല്‍പ്പായസം ഒരു ദിവസവും നിഴ്ചിത അളവില്‍ക്കൂടുതല്‍ ഉണ്ടാക്കാറില്ല.
അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ എത്തുന്ന പലരും പാല്‍പ്പായസം കിട്ടാതെ മടങ്ങുന്നുണ്ട്. ഇത്തരക്കാര്‍ക്കായി ചിലര്‍ പായസത്തിനായി ക്ഷേത്രത്തില്‍ നേരത്തെകൂട്ടി ബുക്ക് ചെയ്ത് ക്ഷേത്രത്തിന് പുറത്ത് വച്ച് വിതരണം ചെയ്തത് നേരത്തെ വിവാദമായിരുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ കരിഞ്ചന്തയില്‍ ഇപ്പോഴും പാല്‍പ്പായസം വില്‍പ്പന നടക്കുന്നതായി ആക്ഷേപം ഉണ്ട്. തിരുവനന്തപുരത്തെ ഒരു ഭക്‍ഷ്യമേളയില്‍ അമ്പലപ്പുഴ പാല്‍പ്പായസം വിറ്റതിനെതിരെ ക്ഷേത്രോപദേശക സമിതി നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.