വിദേശ മൂലധന നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായും കൂടിക്കാഴ്ച നടത്തിയതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. 2008 ഓഗസ്റ്റ് 29നായിരുന്നു കൂടിക്കാഴ്ചയെന്നും സംഘത്തോട് വി എസ് വിദേശ നിക്ഷേപം അഭ്യര്‍ത്ഥിച്ചു എന്നും രേഖകളില്‍ പറയുന്നു.
2008 ഓഗസ്റ്റ് 29നും 30നും നടന്ന ചില യോഗങ്ങളുടെ വിശദാംശങ്ങളാണ് ഏറ്റവും പുതിയതായി പുറത്തുവന്ന രേഖകളില്‍ ഉള്ളത്. അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വി എസുമായി കൂടിക്കാഴ്ച നടത്തിയത്. ഐ ടി, ബയോ ടെക്നോളജി, ടൂറിസം എന്നീ മേഖലകളില്‍ വി എസ് വിദേശനിക്ഷേപം ആവശ്യപ്പെട്ടു എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.
ആയുര്‍വേദ ചികിത്സയിലായിരുന്നതിനാല്‍ വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തില്ലെന്നും പിണറായി വിജയന്‍, തോമസ് ഐസക്, എം എ ബേബി എന്നിവര്‍ മാത്രമായിരുന്നു ചര്‍ച്ചകള്‍ നടത്തിയതെന്നുമായിരുന്നു നേരത്തേ ലഭിച്ച വിവരം.
അതേസമയം, അമേരിക്കന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വിവരം സി പി എം കേന്ദ്രക്കമ്മിറ്റി അംഗം തോമസ് ഐസക് സ്ഥിരീകരിച്ചു.
എല്ലാ വിദേശനിക്ഷേപത്തെയും സി പി എം എതിര്‍ക്കുന്നില്ലെന്നും കേരളത്തിന്‍റെ വികസനത്തിന് സഹായകമാകുന്ന വിദേശനിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായാണ് യു എസ് സംഘത്തെ കണ്ടതെന്നും തോമസ് ഐസക് വെളിപ്പെടുത്തി. സി പി എമ്മിന്‍റെ പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെപ്പറ്റി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഐസക് ചൂണ്ടിക്കാട്ടി.