സിസ്റ്റര്‍ അഭയ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. കേസിന്‍റെ തുടര്‍ നടപടികളിലെ അന്വേഷണ മേല്‍നോട്ടം ഇനിമുതല്‍ എറണാകുളം സി ജെ എം കോടതിയാണ് സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഭയയുടെ പിതാവിന്‍റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ജസ്‌റ്റിസ് ബാലകൃഷ്‌ണന്‍ നായര്‍, ജസ്‌റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്. അന്വേഷണം സംബന്ധിച്ച് കക്ഷികള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു
നേരത്തെ കേസന്വേഷണം വഴിമുട്ടിയ ഘട്ടത്തില്‍ പ്രത്യേക ഉത്തരവിലൂടെയാണ് ഹൈക്കോടതി അന്വേഷണം ത്വരിതപ്പെടുത്തുകയും മേല്‍നോട്ട ചുമതല ഏറ്റെടുക്കുകയും ചെയ്തത്.
ഇനിമുതല്‍ മൂന്നു മാസത്തിലൊരിയ്ക്കന്‍ സി ബി ഐ നല്‍കിവരുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ വിചാരണ കോടതിയായ എറണാകുളം സി ജെ എം കോടതിയില്‍ നല്‍കിയാല്‍ മതിയാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഭയയുടെ പിതാവ് തോമസും, ആക്ഷന്‍ കൌണ്‍സില്‍ പ്രസിഡന്‍റ് ജോമോന്‍ പുത്തന്‍ പുരയ്ക്കലും സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് ഇന്ന് ഡിവിഷന്‍ ബഞ്ച് കേസിലെ മേല്‍നോട്ട ചുമതലയില്‍ നിന്ന് പിന്മാറുന്ന കാര്യം അറിയിച്ചത്.
അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുന്നിലുള്ള എല്ലാം കേസുകളും തീര്‍പ്പു കല്‍പ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി.