അഭയകേസ് കേരള ഘടകത്തിന് കൈമാറണം

കൊച്ചി| M. RAJU|
അഭയക്കേസ്‌ സംബന്ധിച്ച ഫയലുകളും അന്വേഷണവും പത്തു ദിവസത്തിനകം സി.ബി.ഐ കൊച്ചി ഘടകത്തിനു കൈമാറണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

കേസ് കേരളാ ഘടകത്തിന്‌ കൈമാറാത്ത സി.ബി.ഐയുടെ നടപടികെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തി. കഴിഞ്ഞദിവസം കേസില്‍ നിന്ന്‌ പിന്മാറിയ ജസ്റ്റിസ്‌ വി രാംകുമാര്‍ കേസ്‌ പരിഗണിച്ചിരുന്ന സമയത്താണ്‌ കേരള യൂണിറ്റിന്‌ കൈമാറാന്‍ ഉത്തരവിട്ടിരുന്നത്‌. എന്നാല്‍ ഇതുവരെ അന്വേഷണം കേരളാ ഘടകത്തിന് കൈമാറിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ കോടതിയുടെ വിമര്‍ശനം. കേസ്‌ കൈമാറാത്തതിന്‌ ന്യായീകരണമില്ലെന്നും പത്തു ദിവസത്തിനകം കേസ്‌ ഫയല്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ്‌ ആര്‍ ബസന്തിന്‍റേതാണ്‌ ഉത്തരവ്‌. കേസ്‌ കൈമാറാവാനില്ലെങ്കില്‍ അന്വേഷണ സംഘത്തലവന്‍ ആര്‍.കെ അഗര്‍വാളിനോട്‌ നേരിട്ട്‌ ഹാജരാവാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അടുത്തമാസം മൂന്നിന് മുന്‍പ് അന്തിമ തീരുമാനം ഹൈക്കോടതിയേയും വിചാരണ കോടതിയായ എറണാകുളം സി.ജെ.എം കോടതിയിലും അറിയിക്കണം. കേസ് കൊച്ചി യൂണിറ്റിനു കൈമാറുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ സി.ബി.ഐ ലീഗല്‍ സെല്‍ അപ്പീല്‍ സമര്‍പ്പിക്കാനിരിക്കുന്നതിനാലാണ് ഏറ്റെടുക്കാത്തതെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :