aparna|
Last Modified ഞായര്‍, 9 ജൂലൈ 2017 (10:46 IST)
21 വര്‍ഷം മുമ്പ് നടന്ന മറക്കാനാഗ്രഹിച്ചു കൊണ്ട് ജീവിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ ‘നിര്‍ഭയ’. ആത്മകഥയിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതി നല്‍കി.
'നിര്‍ഭയം' എന്ന പേരില്‍ പുറത്തിറങ്ങിയ അനുഭവക്കുറിപ്പിലെ ഒരധ്യായത്തില്‍ സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട് സിബി മാത്യൂസ് നടത്തിയ പരാമര്‍ശങ്ങള്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലായിരുന്നു. പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ ഡയറക്ടര്‍ കെയു കുര്യാക്കോസ് മാധ്യമങ്ങളെ അറിയിച്ചു.
സൂര്യനെല്ലിക്കേസിന്റെ അന്വേഷണത്തിനിടെ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെണ്‍കുട്ടി ശ്രമിച്ചതെന്നും ചില ചോദ്യങ്ങള്‍ക്ക് കള്ളച്ചിരിയോടെയായിരുന്നു മറുപടിയെന്നും ഈ അധ്യായത്തില്‍ പറയുന്നുണ്ട്. എന്തൊക്കെയോ അവര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്റെ പേര് കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ആദ്യം കുര്യന്റെ പേര് പറയാതിരുന്ന പെണ്‍കുട്ടി പിന്നീട് എന്തുകൊണ്ട് അതുപറഞ്ഞു -എന്നിങ്ങനെയാണ് ആത്മക്കഥയിലെ പരാമര്‍ശങ്ങള്‍.
21 വര്‍ഷം മുമ്പുനടന്ന സംഭവത്തെ അതിജീവിച്ച തങ്ങളെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് തന്റെ പുസ്തകത്തിലൂടെ പൊതുസമൂഹത്തിനു മുന്നില്‍ തന്നേയും തന്റെ കുടുംബത്തേയും അവഹേളിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇത് ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ജോലിചെയ്യുന്ന സ്ഥാപനത്തില്‍പോലും താന്‍ അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയില്‍പറയുന്നു.