അനാശാസ്യം ആരോപിച്ച് ഐടി ഉദ്യോഗസ്ഥന് മര്‍ദ്ദനം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കുടുബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ടെക്നോപാര്‍ക്ക്‌ ഉദ്യോഗസ്ഥനെ അനാശാ‍സ്യം ആരോപിച്ച് മര്‍ദ്ദിച്ചു. കവടിയാറിലാണ് 'സദാചാര പൊലീസ്' അഴിഞ്ഞാടിയത്. സംഭവത്തില്‍ കവടിയാര്‍ ശ്രീവിലാസം ലെയ്ന്‍ വട്ടവിളകാത്ത് വീട്ടില്‍ രഘുരാജ്‌, സഹോദരനായ പൈപ്പ്‌ലൈന്‍ റോഡ്‌ കൈലാസം വീട്ടില്‍ എസ്‌ അനില്‍, ശ്രീവിലാസം ലെയ്ന്‍ ഗീതാനിവാസില്‍ ബി എസ്‌ ഷിജു എന്നിവരെ പേരൂര്‍ക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ദമ്പതിമാരും അമ്മയും ചേര്‍ന്ന് കവടിയാറിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് രാത്രി എട്ടുമണിയോടെ കാറില്‍ മടങ്ങവെയാണ് സദാചാരപൊലീസിന്റെ രംഗപ്രവേശം. കാറിനുള്ളില്‍ അവിഹിതം നടക്കുകയാണെന്ന് ആരോപിച്ച് ഇവര്‍ തെറിവിളി തുടങ്ങി.

കാറില്‍ ഭാര്യയും അമ്മയുമാണെന്ന് യുവാവ് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കണം എന്നാവശ്യപ്പെട്ട് യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ തൊഴിലാളി യൂണിയന്‍ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ഏഴു കേസുകളാണ് ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :