അഞ്ചാമത്തെ മന്ത്രി: പഴി കുഞ്ഞാലിക്കുട്ടിക്ക്

മലപ്പുറം| WEBDUNIA|
PRO
PRO
അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് വ്യക്തത വേണമെന്ന് തിങ്കളാഴ്ച നടന്ന മുസ്ലീം ലീഗ്‌ പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. അതേസമയം അഞ്ചാമത്തെ മന്ത്രിസ്ഥാനം ഉറപ്പിക്കാത്തതില്‍ പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് യോഗത്തില്‍ വിമര്‍ശനം ഉയരുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് 20 എം എല്‍ എമാര്‍ ഉണ്ടായിട്ടും അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ എന്തു കൊണ്ട് സാധിച്ചില്ല എന്ന ചോദ്യമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ അത് ഉറപ്പിക്കണമായിരുന്നു. എങ്കില്‍ ഇപ്പോഴത്തെ ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നു. പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങളെ കോട്ടയത്തേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സത്യപ്രതിജ്ഞയ്ക്ക് മുമ്പെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം അക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നാണ് യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ്‌ നേതൃത്വവുമായി ലീഗ് നേതാക്കള്‍ തിങ്കളാഴ്ച രാവിലെ നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിയുകയായിരുന്നു. ലീഗിന് അഞ്ചാമത് ഒരു മന്ത്രിയെക്കൂടി നല്‍കേണ്ട എന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉറച്ച് നില്‍ക്കുകയായിരുന്നു. തല്‍ക്കാലം ഇതിന് വഴങ്ങേണ്ട എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മന്ത്രിസ്ഥാനത്തിന് പകരം ചീഫ് വിപ്പ് പദവി ലീഗിന് നല്‍കിയേക്കും എന്നും സൂചനയുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്. അതിനാല്‍ ലീഗിനെ പിണക്കുന്നത് ഉചിതമല്ലെന്നും കോണ്‍ഗ്രസിനറിയാം.

മഞ്ഞളാംകുഴി അലിക്ക് പാര്‍ലമെന്ററി കാര്യം നല്‍കണം എന്ന് ലീഗ് ആവശ്യപ്പെട്ടതോടെ മാണി വിഭാഗവും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന നിലപാട് ശക്തമാക്കുകയായിരുന്നു. തിങ്കളാഴ്ച മാണി വിഭാഗവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. മാണിയെ തൃപ്തിപ്പെടുത്താനായി ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുകൊടുക്കും എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :