അങ്ങനെയൊരു കത്തില്ലെന്ന് ചെന്നിത്തല, മാണി പറഞ്ഞതെന്തെന്ന് അറിയില്ലെന്ന് സുധീരന്‍, മാധ്യമങ്ങളുമായി കേസിനില്ലെന്ന് ഉമ്മന്‍ചാണ്ടി

Chennithala, Mani, Oommenchandy, Soniya, Sudheeran, ചെന്നിത്തല, മാണി, ഉമ്മന്‍‌ചാണ്ടി, സുധീരന്‍, സോണിയ
തിരുവനന്തപുരം| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (15:51 IST)
കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി പാര്‍ട്ടിയുടെ ത്രിമൂര്‍ത്തികള്‍ വാര്‍ത്താസമ്മേളനം നടത്തി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളാനത്തില്‍, പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു പ്രശ്നവുമില്ലെന്നും മുന്നണി ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചു.

സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അസ്വാഭാവികതയില്ലെന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ എന്നും വി എം സുധീരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന് താന്‍ കത്തയച്ചിട്ടില്ലെന്നും അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് തന്നെ പറഞ്ഞിട്ടുണ്ടെന്നും രമേശ് പറഞ്ഞു. കേരളത്തില്‍ ആരും വായിക്കാത്ത ഒരു പത്രത്തിലാണ് കത്തിനെപ്പറ്റി വാര്‍ത്ത വന്നതെന്നും ചെന്നിത്തല പറഞ്ഞു.

കത്തിനെക്കുറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നും കത്ത് ഒരു പ്രശ്നമായി നിലനില്‍ക്കുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രിയുടെ വ്യാജകത്ത് പ്രചരിച്ചെങ്കില്‍ അതിന് കേസെടുക്കേണ്ടത് അത് പ്രചരിപ്പിച്ച മാധ്യമങ്ങളുടെ പേരിലാണെന്നും അങ്ങനെ കേസെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെ പി സി സിയുടെ പിന്തുണയോറെ ഉമ്മന്‍‌‌ചാണ്ടിയും രമേശ് ചെന്നിത്തലയും സജീവമായി പങ്കെടുക്കുമെന്ന് സുധീരന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളിലേതുപോലെ തങ്ങള്‍ക്ക് നേതൃത്വ തര്‍ക്കമില്ലെന്നും പാര്‍ട്ടി നേതൃത്വവും തെരഞ്ഞെടുക്കുന്ന എം എല്‍ എമാരും നേതാവിനെ തീരുമാനിക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :