നന്മയുടെ ദീപപ്രഭയില്‍ ഇന്ന് ദീപാവലി

കൊച്ചി| Last Updated: ബുധന്‍, 22 ഒക്‌ടോബര്‍ 2014 (08:57 IST)
തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ഇന്ന് ദീപാവലി. പടക്കം പൊട്ടിച്ചും മധുരം നല്‍കിയുമാണ് നന്മയുടെ വിജയത്തെ ആഘോഷിക്കുക. വ്യത്യസ്തമായ ഐതിഹ്യങ്ങളാണ് ദീപാവലിയെക്കുറിച്ച് നിലവിലുള്ളത്. ശ്രീരാമന്‍ രാവണന് മേല്‍ നേടിയ വിജയത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലിയെന്നാണ് ഒരു ഐതിഹ്യം. തിന്‍മയുടെ പ്രതീകമായ നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലിയെന്നും ഐതിഹ്യമുണ്ട്.

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വൈകീട്ട് പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടായിരിക്കും. മധുരപലഹാരങ്ങളാണ് ദീപവലിയുടെ പ്രധാന ആകര്‍ഷണം. പേടയും ഹല്‍വയും മൈസൂര്‍ പാക്കുമെല്ലാം ചേര്‍ത്തുള്ള ദീപാവലി പലഹാരങ്ങള്‍ക്ക് നല്ല വില്‍പ്പനയാണ് ഉള്ളത്.

വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ദീപാവലി പലഹാരങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നുണ്ട്. വിലയല്‍പ്പം ഏറിയിട്ടുണ്ടെങ്കിലും വില്‍പ്പനയില്‍ കുറവൊന്നും ഇത്തവണ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പടക്കവും പ്രധാന ഘടകമാണ്. അഗ്രഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ദീപാവലി ആവേശത്തോടെ ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. എന്നാല്‍ പരമ്പരാഗത മണ്‍ചിരാതുകള്‍ ഇപ്പോള്‍ അധികം ഉപയോഗിക്കാറില്ല. ചൈനീസ് ലൈറ്റ് ബള്‍ബുകളാണ് ഇപ്പോഴത്തെ ആകര്‍ഷണം. എന്നാല്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവര്‍ മണ്‍ചിരാതില്‍ എണ്ണയൊഴിച്ച് തിരി കത്തിക്കുക തന്നെയാണ് ചെയ്യുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷങ്ങളുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ തന്നെയാണ് പ്രധാന ആഘോഷം. അവിടെ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :