Last Modified ശനി, 29 ജൂണ്‍ 2019 (08:47 IST)
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിൽ രക്ഷപെട്ട വനിതകൾ പിന്നീടും മോഷണം നടത്തിയതായി പോലീസ്. വനിതാ തടവുകാർ ജയിൽ ചാടുന്ന സംഭവം സംസ്ഥാനത്ത് തന്നെ ആദ്യമായതിനാൽ ഇതിന് ഇടയായ സാഹചര്യത്തെ കുറിച്ച് ജയിൽ വകുപ്പ് വിശദമായ അന്വേഷണം നടക്കാൻ ഒരുങ്ങുകയാണെന്ന മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറും. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജയിൽ ഡിജിപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അട്ടക്കുളങ്ങരയിൽ നിന്നും രക്ഷപ്പെട്ട യുവതികൾ പിടിയിലാകുന്നത് വരെ യാത്രയിലായിരുന്നെന്നാണ് വിവരം. ഇതിനിടെ ഒരു സ്കൂട്ടറും ഇരുവരം കൈക്കലാക്കി. ജയിൽ ചാടിയ ശേഷം രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പിന്നീട് വർക്കലയിലേക്ക്. രോഗത്തിന്റെ പേരുപറഞ്ഞ് ആശുപത്രിയിലെത്തിയവരില്‍നിന്ന് പണം വാങ്ങിയായിരുന്നു യാത്ര. വർക്കല കാപ്പിലെത്തിയ ഇരുവരും ഓട്ടോയില്‍ കയറുകയും ഡ്രൈവറുടെ പക്കൽ നിന്നും ഫോൺ വാങ്ങി ഉപയോഗിക്കുകയും ചെയ്തതാണ് കേസിൽ വഴിത്തിരിവായത്.
കാമുകനെ വിളാക്കാനാണ് ശിൽപ ഓട്ടോ ഡ്രൈവർ ബാഹുലേയന്റെ പക്കൽ നിന്നും ഫോൺ വാങ്ങിയത്. സംസാരത്തിൽ സംശയം തോന്നിയ ഡ്രൈവർ പിന്നീട് നമ്പറിൽ തിരിച്ചുവിളിക്കുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കാപ്പില്‍ ഭാഗത്ത് ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അവര്‍ അവിടെനിന്ന് കടന്നിരുന്നു. ഇതിനിടെ പാരിപ്പള്ളി പരിസരത്തെതിയ യുവതികള്‍ സെക്കൻഡ് ഹാൻഡ് ടൂ വീലർ വാഹനങ്ങൾ വിൽക്കുന്ന കടയിലേക്കാണ് ഇരുവരും പിന്നീട് ചെന്നത്. വണ്ടി വാങ്ങുന്നതിനാണെന്നു പറഞ്ഞു സന്ധ്യയും ശിൽപയും എത്തിയപ്പോൾ ഒരു സഹായി മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞു പ്ലെഷർ സ്കൂട്ടർ വാങ്ങി അതുമായി നേരേ ഊന്നിൻമൂട്ടിലേക്ക് പോയി. സ്കൂട്ടറിൽ പോകുമ്പോൾ പരിചയമുള്ള ഒരാള്‍ ഇരുവരെയും കാണുകയും പിന്തുടരുകയും ചെയ്തു. പക്ഷേ കണ്ടെത്താനായില്ല.
ശിൽപയുടെ വീട്ടിലെത്തി പണം വാങ്ങിയശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. നഗരത്തിലെ ചില കഞ്ചാവു വിതരണക്കാരുമായി ബന്ധമുള്ള സന്ധ്യയും ശിൽപയും ഇവരിൽ നിന്നം പണം സംഘടിപ്പിക്കാനും സഹായം തേടാനുമുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ പാലോടിനടുത്തുനിന്ന് നാട്ടുകാര്‍ ഇവരെ കണ്ടെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്നു പ്രദേശത്ത് എത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെയാണ് പോലീസ് പിടിയിലാവുന്നത്.
ജയിലില്‍നിന്ന് അടുത്തെങ്ങും മോചനം ഉണ്ടാകില്ലെന്ന ഭയം കാരണമാണ് തടവു ചാടിയതെന്നാണ് ഇരുവരം പൊലീസിനോട് പറഞ്ഞത്. ജയില്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തയ്യല്‍ ജോലിക്ക് പോയപ്പോള്‍ പരിസരം നിരീക്ഷിച്ചാടണ് ഇരുവരും പദ്ധതി തയ്യാറാക്കിയത്. കമ്പിയില്‍ സാരിചുറ്റി മതില്‍ ചാടുകയായിരുന്നു.
അതിനിടെ, എന്നാൽ, അട്ടക്കുളങ്ങരയിലെ സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ജയിൽ ചാടാൻ സഹതടവുകാരിലൊരാളുടെ സഹായം ലഭിച്ചെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികൾക്ക് അമിതസ്വാതന്ത്ര്യം ലഭിച്ചിരുന്നെന്നും സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ലെന്നുമാണ് വിലയിരുത്തൽ.
പിടിയിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.