രേണുക വേണു|
Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2025 (17:55 IST)
Pinarayi Vijayan: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയിരുന്നു. 1600 രൂപയായിരുന്ന പെന്‍ഷന്‍ 400 രൂപ കൂടി വര്‍ധിപ്പിച്ചാണ് രണ്ടായിരത്തില്‍ എത്തിച്ചിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തുന്നത്. ഘട്ടംഘട്ടമായി രണ്ടായിരത്തില്‍ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആറ് മാസങ്ങള്‍ കൂടി ശേഷിക്കെയാണ് സുപ്രധാന പ്രഖ്യാപനം.
സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 35 മുതല്‍ 60 വയസ് വരെയുള്ള സ്ത്രീകള്‍ക്കു പ്രതിമാസം 1000 രൂപ പെന്‍ഷന്‍ ലഭിക്കും. മറ്റു പെന്‍ഷനുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ത്രീകള്‍ക്ക് മാത്രമാണ് അര്‍ഹത.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. ഇതുവരെയുള്ള മുഴുവന്‍ കുടിശികയും നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 66,720 പേര്‍ക്കു ആനുകൂല്യം ലഭിക്കും. 2023 ലാണ് ഇതിനു മുന്‍പ് ഓണറേറിയം വര്‍ധിപ്പിച്ചത്. സംസ്ഥാന ജീവനക്കാര്‍ക്കു നാല് ശതമാനം ഡിഎ വര്‍ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.