തിരുവനന്തപുരം|
Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (18:27 IST)
അര ഡസനോളം വിവാഹങ്ങള്‍ കഴിച്ച് മുങ്ങിയ വീരനെ പൊലീസ് വലയിലാക്കി. തൃശൂര്‍ ഒല്ലൂര്‍ കുറിയിറചിറ തോമസിന്‍റെ മകന്‍ ബേബി എന്നറിയപ്പെടുന്ന തോംസണ്‍ എന്ന 50 കാരനാണു ശംഖുമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയിലായത്.
പാലാ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ചു ഒളിവിലായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെ പിടിച്ചത്. ആറോളം വിവാഹം കഴിച്ച് സ്ത്രീകളെ പറ്റിച്ച് മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. വേളി ഓള്‍ സെയിന്‍റ്‍സ് കോളേജിനടുത്ത് ഒരു സ്ത്രീയ്ക്കൊപ്പം ഏറെ നാളായി താമസിച്ചുവരികയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.
പാലാ സ്വദേശിനിയെ വഞ്ചിച്ചു വിവാഹം കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു ഇയാള്‍. എന്നാല്‍ സഹികെട്ട കോടതി ഇയാളുടെ ജാമ്യക്കാര്‍ക്കും ഐ.ജി ക്കും വരെ വാറണ്ട് പുറപ്പെടുവിച്ചതോടെ അന്വേഷണം ഉഷാറാവുകയും ജാമ്യക്കാര്‍ തന്നെ രഹസ്യ വിവരം നല്‍കുകയും ചെയ്തതാണു പ്രതി പിടിയിലാകാന്‍ കാരണം.
തലസ്ഥാന നഗരിയില്‍ ഓട്ടോറിക്ഷാ ഓടിച്ചു കഴിയുകയായിരുന്ന ഇയാളെ ഷാഡോ പൊലീസാണു പിടിക്കാന്‍ സഹായിച്ചത്. ഇയാളുടെ ഓട്ടോയെ പിടികൂടാന്‍ പൊലീസ് ഒരു മണിക്കൂറോളം പെടാപ്പാടു പെട്ടതായാണു വിവരം. ഒടുവില്‍ ഓട്ടോയുടെ ടയര്‍ പഞ്ചറായത് പ്രതിക്ക് വിനയായി. എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലായാണു ഇയാള്‍ വിവാഹം കഴിച്ചു മുങ്ങിയത്. പാലാ പൊലീസ് തലസ്ഥാന നഗരിയിലെത്തി പ്രതിയെയും കൊണ്ടുപോയി.