വാളയാർ കേസ്; പ്രോസിക്യൂട്ടറെ മാറ്റും, അപ്പീൽ നൽകാൻ സർക്കാർ തീരുമാനം

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2019 (08:51 IST)
വാളയാറിൽ പീഡനത്തിനിരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മരിച്ച കേസിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. പ്രോസിക്യൂട്ടറെ മാറ്റാനും സർക്കാർ തീരുമാനിച്ചു. തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായി.

തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് വീഴ്ചയുണ്ടായതായി സ്ഥിരീകരണമുണ്ടായി. നേരത്തെ, വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റിയിരുന്നു. അഡ്വ. രാജേഷിനെതിരെയാണ് നടപടി വന്നത്.

പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം നിയമസഭക്ക് അകത്തും പുറത്തും ആളിക്കത്തിയതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റിക്കൊണ്ട് സർക്കാർ നടപടിയാകുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :