Thiruvananthapuram|
രേണുക വേണു|
Last Updated:
ബുധന്‍, 25 ജൂണ്‍ 2025 (15:09 IST)
VS Achuthanandan Health Condition Updates: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്.
അതേസമയം ആരോഗ്യനില മെച്ചപ്പെട്ടതായി ഇന്നലെ വൈകിട്ട് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പിന്നീട് വീണ്ടും പഴയസ്ഥിതിയിലേക്ക് പോയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ നിന്ന് വ്യക്തമാകുന്നത്.
' അച്ഛന്റെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങള്‍ വെച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദന്‍മാഷും ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍ വന്ന് വിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായി. എല്ലാവരോടും നന്ദി അറിയിക്കുകയാണ്.' വി.എ.അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
പട്ടം എസ്.യു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച (ജൂണ്‍ 23) ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്.