മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടോയെന്ന് അന്വേഷിക്കണം: സുധീരന്‍

 വിഎം സുധീരന്‍ , ഉമ്മന്‍ചാണ്ടി , വിഎം സുധീരന്‍ , ആര്‍ ശങ്കര്‍ പ്രതിമ
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2015 (14:09 IST)
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുമൂലം സംസ്ഥാനത്തേയും മുഖ്യമന്ത്രിയേയും അപമാനിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയില്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണം. നിലവാരമില്ലാത്ത നടപടിയാണ് നടന്നതെന്നും സുധീരന്‍ പറഞ്ഞു.

സംഘപരിവാര്‍- വെള്ളാപ്പള്ളി കൂട്ടുകെട്ട് ആര്‍ ശങ്കറിനെ വര്‍ഗീയവത്ക്കരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് പ്രതിമ അനാച്ഛാദന ചടങ്ങ് നടക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ശങ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ കെപിസിസി പ്രാര്‍ഥനാ സംഗമം നടത്തുമെന്നും സുധീരന്‍ അറിയിച്ചു.

ആർശങ്കർ കേരളം കണ്ട മികച്ച നേതാക്കളുടെ മുൻനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അങ്ങനെയുള്ള ശങ്കറിന്റെ മഹത്തായ പൈതൃകം തട്ടിയെടുക്കാനാണ് വെള്ളാപ്പള്ളിയുമായി ചേർന്ന് സംഘപരിവാർ ശ്രമിക്കുന്നത്. വെള്ളാപ്പള്ളിയെന്നല്ല ആര് വിചാരിച്ചാലും അത് നടക്കാൻ പോവുന്നില്ല. ആർഎസ്എസിന്റേയും സംഘപരിവാറിന്റേയും കൈയിലെ പാവയായി വെള്ളാപ്പള്ളി മാറിയിരിക്കുകയാണ്. താൻ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറന്നു കൊണ്ട് പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ഇനി ഒരു നിമിഷം പോലും എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയായി തുടരരുത്. ഉടൻ തന്നെ അദ്ദേഹം സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്നും സുധീരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :