തിരുവനന്തപുരം|
jibin|
Last Modified ശനി, 29 ജൂലൈ 2017 (20:06 IST)
തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകൻ (18) എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തൃശൂർ ഏങ്ങണ്ടിയൂർ പോളയ്ക്കൽ പങ്കൻതോട് കോളനിയിലെ വിനായകനു നേരെ കസ്റ്റഡി പീഡനമുണ്ടായോ എന്ന് പരിശോധിക്കും. പൊലീസ് സ്റ്റേഷനിൽവച്ച് യുവാവിനു നേരെ ക്രൂരമായ പീഡനമുണ്ടായെന്നാണ് ആരോപണം. വിനായകന് പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധമാണ് പോലീസിനെതിരെ ഉയർന്നത്.
പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് പറയുന്നത്.
സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയിതിരുന്നു.