തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 25 ഫെബ്രുവരി 2018 (10:40 IST)
ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണം ആകസ്മിക വേർപാട് വ്യസനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്നും ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
“അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണ്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകർക്ക് എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണ്” - മുഖ്യമന്ത്രി കുറിച്ചു.
ശ്രീദേവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. ഇന്ത്യയിലെ ആദ്യത്തെ ലേഡീ സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ശ്രീദേവി മലയാളമുൾപ്പെട്ടെ അഞ്ച് ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുകയും, അവിടെയെല്ലാം തന്റെ അഭിനയ ചാതുരി പ്രകടിപ്പിക്കകയും ചെയ്ത കലാകാരിയായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ സിനിമയിൽ ശ്രീദേവിയെപ്പോലൊരു പ്രതിഭാസം അപൂർവവമായി മാത്രം സംഭവിക്കുന്നതാണെന്നും അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.