മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍
അതേസമയം മതരാഷ്ട്രവാദം തങ്ങള്‍ക്കില്ലെന്ന് ഔദ്യോഗികമായി ജമാഅത്തെ ഇസ്ലാമി നിലപാടെടുത്തിട്ടില്ല
മതരാഷ്ട്രവാദികളെ ചേര്‍ത്തുപിടിക്കുന്നതില്‍ നിന്ന് യുഡിഎഫ് പിന്നോട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നാളെ ആരംഭിക്കുന്ന പുതുയുഗ യാത്രയോടനുബന്ധിച്ച് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്.
'അവര് ഞങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. ആ പിന്തുണ ഞങ്ങള്‍ക്കു ഇത്തവണ തന്നാലും സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ ആമീര്‍ വളരെ വ്യക്തമായി മതരാഷ്ട്രവാദത്തെ സംബന്ധിച്ച അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ബഹുസ്വരത നില്‍ക്കുന്ന ഒരു രാജ്യത്തും ഒരു സംസ്ഥാനത്തും അത്തരമൊരു നിലപാട് ഞങ്ങള്‍ക്ക് ഇല്ല എന്ന് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്,' സതീശന്‍ പറഞ്ഞു.
അതേസമയം മതരാഷ്ട്രവാദം തങ്ങള്‍ക്കില്ലെന്ന് ഔദ്യോഗികമായി ജമാഅത്തെ ഇസ്ലാമി നിലപാടെടുത്തിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി കോണ്‍ഗ്രസ് മതരാഷ്ട്രവാദികള്‍ക്കൊപ്പം നില്‍ക്കുന്നത്.
