നായ്ക്കള്‍ കടിച്ചു കുടഞ്ഞ രാജവെമ്പാലയ്ക്ക് വാവയുടെ തലോടല്‍

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (18:45 IST)
തെരുവു നായ്ക്കള്‍ സംഘടിതമായി ആക്രമിച്ച രാജവെമ്പാലയ്ക്ക് വാവ സുരേഷ രക്ഷകനായി. വിതുരയ്ക്കടുത്ത് മീനാങ്കലിനും പേപ്പാറയ്ക്കുമിടയ്ക്കാണ് ഇന്നലെ രാവിലെ നായ്ക്കളും രാജവെമ്പാലയും തമ്മിലുള്ള പോരാട്ടം നടന്നത്. പതിനൊന്നു വയസുവരുന്ന കൂറ്റന്‍ രാജവെമ്പാലയേയാണ് നായ്കൂട്ടം സംഘം ചേര്‍ന്ന് ആക്രമിച്ചത്.

നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലായ ഇവനെ നായ്ക്കള്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. വാഹനഗതാഗതമുള്ളതാണ് റോഡെങ്കിലും ഈ ഭാഗത്ത് അത്ര ആള്‍ സഞ്ചാരമില്ലായിരുന്നു. ബൈക്കില്‍ ഇതുവഴി വന്ന ബൈജു എന്നയാളാണ്
ഫൈറ്റ് കണ്ട് വാവ സുരേഷിനെ ഫോണില്‍ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടി മരുന്ന് വച്ച് ഫോറസ്റ്റ് അധികാരികളുടെ സഹായത്തൊടെ കാട്ടില്‍ തുറന്നുവിട്ടു.

രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജവെമ്പാല
ആക്രമിക്കാനൊരുങ്ങിയെങ്കിലും വാവ പിടികൂടി ചാക്കിലാക്കി. അതേസമയം രാജവെമ്പാലയുടെ പ്രത്യാക്രമണത്തില്‍ കടിയേറ്റ നായ്ക്കളുടെ കഥയെന്തെന്ന് നിശ്ചയമില്ല. കടിയേറ്റിട്ടുണ്ടെങ്കില്‍ ചത്തുകാണുമെന്ന് വാവ പറയുന്നു.

വാവ സുരേഷ് ഈ മാസം പിടിച്ച നാലാമത്തെ രാജവെമ്പാലയാണിത്. ഒരു
പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാലയെ വിതുരയില്‍ നിന്ന് വ്യാഴാഴ്ച
പിടികൂടിയിരുന്നു. 56 രാജവെമ്പാലകളെ പിടികൂടി വാവ സ്വന്തം ലോക റെക്കാഡ് മെച്ചപ്പെടുത്തി. 42 രാജവെമ്പാലയെ പിടിച്ച തായ്‌ലന്‍‌ഡുകാരന്റെ പേരിലുള്ളതാണ് പഴയ റെക്കാഡ്. ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :