വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്; വാഹനത്തിന് തകരാര്‍ ഇല്ലെന്ന് ആര്‍ടിഒ
വാല്‍പ്പാറ: വാല്‍പ്പാറയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പൊള്ളാച്ചി ആര്‍ടിഒ സെഞ്ചഴിയന്‍. ഡ്രൈവര്‍ അമിതമായി ബ്രേക്ക് ഉപയോഗിച്ചതും അപകടത്തിന് ഒരു കാരണമാണ്. മോശം കാലാവസ്ഥയോ മോശം ദൃശ്യപരതയോ ഉണ്ടായിരുന്നില്ലെന്നും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി.
മലപ്പുറത്തെ പാങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള ഒരു സംഘം സഞ്ചരിച്ചിരുന്ന വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാല്‍പ്പാറ-പൊള്ളാച്ചി ചുരം റോഡില്‍ 800 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.20 നാണ് അപകടം നടന്നത്.
40 ഹെയര്‍പിന്‍ വളവുകളുള്ള വഴിയില്‍ തിരികെ വരുമ്പോള്‍ പതിമൂന്നാം വളവില്‍ വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഗാര്‍ഡ് റെയിലില്‍ ഇടിച്ച് ഒമ്പതാം ഹെയര്‍പിന്‍ വളവില്‍ മറിയുകയായിരുന്നു.