സുഹൃത്തിന്‍റെ പണവുമായി കടന്നയാള്‍ പിടിയില്‍

വളപട്ടണം| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (17:43 IST)
സുഹൃത്തിന്റെ ഏഴര ലക്ഷം രൂപയും 16 പവനുമായി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ നീലംബം വലിയ പീടിക മുക്രിക്കാരന്‍റകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദ് എന്നയാളെ വഞ്ചിച്ച തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ്‌ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

ഷെരീഫിനൊപ്പം ഷാഹുല്‍ ഹമീദ് തന്റെ മകളുടെ വിവാഹത്തിനായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ കണ്ണൂരിലെ ജൂവലറിയിലേക്ക് പോകുമ്പോഴായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. ഇരുവരും സഞ്ചരിച്ച കാര്‍ പുതിയ തെരുവില്‍ നിര്‍ത്തിയ സമയത്ത് ഷാഹുല്‍ ഹമീദ് പള്ളിയിലെ മൂത്രപ്പുരയിലേക്ക് കയറിയ തക്കം നോക്കി ഷെരീഫ് കാറും കാറിലുണ്ടായിരുന്ന ഏഴര ലക്ഷം രൂപയും 16 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളയുകയാണുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ഈ സംഭവം വളപട്ടണം പൊലീസ് അന്വേഷിച്ച് മട്ടന്നൂര്‍ ബസ് സ്റ്റാന്ഡിനു സമീപത്തു നിന്നാണ്‌ ഷെരീഫിനെ വലയിലാക്കിയത്. തട്ടിയെടുത്ത കാര്‍ കണ്ണൂര്‍ കണ്ണോട്ടും ചാലിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വളപട്ടണം സിഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതിയെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :