എന്‍റെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞു, ചെന്നിത്തലയോട് സുധീരന്‍

ജോര്‍ജി സാം| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (19:53 IST)
ജോസ് കെ മാണിയെ രാജ്യസഭയിലേക്കയച്ച യു ഡി എഫ് തീരുമാനത്തില്‍ താന്‍ സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. നേതൃത്വത്തിന്‍റെ വിവേകശൂന്യമായ നടപടിയായിരുന്നു അതെന്നും സുധീരന്‍ പറയുന്നു. ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലാണ് തന്‍റെ പഴയ നിലപാട് സുധീരന്‍ ഓര്‍മ്മിപ്പിച്ചത്.

വി എം സുധീരന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം കാണാം:

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.

കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം' ചെയ്ത നേതൃത്വത്തിന്‍റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിന്‍റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.

എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :