പ്രിയങ്ക തൂങ്ങിമരിക്കുന്നതിനു മുന്‍പ് ഉണ്ണി രാജന്‍ പി.ദേവിനോട് ഫോണില്‍ സംസാരിച്ചു; നിര്‍ണായക തെളിവുകള്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 26 മെയ് 2021 (08:44 IST)

ഭാര്യയുടെ ആത്മഹത്യക്കേസില്‍ നടന്‍ ഉണ്ണി രാജന്‍ പി.ദേവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. പ്രിയങ്ക തൂങ്ങിമരിക്കുന്നതിനു തൊട്ടുമുന്‍പ് ഉണ്ണിയോട് ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. ഉണ്ണി പി.ദേവിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തു. അങ്കമാലിയിലെ വീട്ടില്‍ നിന്നാണ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തത്. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനാണ് ഉണ്ണി.

ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.

ഉണ്ണി പ്രിയങ്കയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യയ്ക്ക് കാരണം ഉണ്ണിയാണെന്നും പ്രിയങ്കയുടെ വീട്ടുകാര്‍ ആരോപിച്ചു. ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു.

ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും ഉണ്ണി പി.ദേവ് പ്രിയങ്കയെ ശാരീരികമായി ആക്രമിക്കാറുണ്ടായിരുന്നെന്നും പ്രിയങ്കയുടെ സഹോദരന്‍ തുറന്ന് പറഞ്ഞിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

2019 നവംബര്‍ 21 നായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. അധികം താമസിയാതെ തന്നെ ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായി. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രിയങ്കയെ വെമ്പായത്തെ വീട്ടിലാണ്
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലിയിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് പ്രിയങ്ക തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് എത്തിയത്.

ഉണ്ണി പി.ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പ്രിയങ്കയുടെ സഹോദരന്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടെന്നും പ്രിയങ്കയുടെ സഹോദരന്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസില്‍ പരാതിയായി ബോധിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയെ ഉണ്ണി ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പ്രിയങ്കയുടെ സഹോദരന്‍ ആരോപിച്ചു.

പണം ചോദിച്ച് ഉണ്ണി ഇടയ്ക്കിടെ പ്രിയങ്കയുടെ വീട്ടില്‍ എത്താറുണ്ട്. പലപ്പോഴും വീട്ടുകാര്‍ ഉണ്ണിക്ക് പണം നല്‍കി. പിന്നീട് പണം നല്‍കാതെയായതോടെ ഉണ്ണി പ്രിയങ്കയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഉണ്ണി മകളെ ഉപദ്രവിക്കാറുണ്ടെന്നും വീട്ടില്‍ വന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും പ്രിയങ്കയുടെ അമ്മയും ആരോപിച്ചു.

സിനിമയിലും സജീവമാണ് ഉണ്ണി പി.ദേവ്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്ത് സജീവമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :