പോരാട്ടം മച്ചുന‌ന്മാർ തമ്മിൽ; എം എൽ എ പദവി ചരുവിള വീടിനു സ്വന്തം

പോരാട്ടം മച്ചുന‌ന്മാർ തമ്മിൽ; എം എൽ എ പദവി ചരുവിള വീടിനു സ്വന്തം

ശാസ്താംകോട്ട| aparna shaji| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (11:59 IST)
കുന്നത്തൂർ മണ്ഡലത്തിൽ ഇരുമുന്നണികളുടേയും സ്ഥാനാർഥികളായി പോരാട്ടത്തിനിറങ്ങുന്ന അളി‌യന്മാർ വാർത്തകളിൽ ഇടം പിടിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു പോരാട്ടം. യു ഡി എഫിന്റെയും ഇടതുമുന്നണിയുടെയും സ്ഥാനാർഥികൾ ഒരേ വീട്ടിൽ
നിന്ന് മത്സരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

സഹോദരി- സഹോദരന്റെ മക്കളാണ് കുഞ്ഞുമോനും ഉല്ലാസും. കോവൂർ കുഞ്ഞുമോൻ ഇടതുമുന്നണി സ്ഥാനാർഥിയാകുമ്പോൽ ഉല്ലാസ് കോവൂർ യു ഡി എഫ് സ്ഥാനാഥിയായും കളത്തിലിറങ്ങും. 2001 മുതൽ കുന്നത്തൂർ മണ്ഡലത്തിനെ മൂന്നു തവണയായി പ്രതിധാനം ചെയ്യുന്നയാളാണ് കുഞ്ഞുമോൻ. ആർ വൈ എഫ് കേന്ദ്ര കമ്മിറ്റി അംഗവും ആർ എസ് പി ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവുമാണ് യു ഡി എഫ് സ്ഥാനാർഥിയായ ഉല്ലാസ്.

കശുവണ്ടിത്തൊഴിലാളികളായിരുന്നു ഇരുവരുടേയും മാതാപിതാക്കൾ. കുഞ്ഞുമോന്റെ പിതാവ് മരണമടഞ്ഞപ്പോൾ സഹോദരിയേയും മക്കളുടെയും കൂട്ടികൊണ്ടു വന്ന് അവരുടെ സംരക്ഷണം എറ്റെടുക്കുകയായിരുന്നു ഉല്ലാസിന്റെ പിതാവും കുഞ്ഞുമോന്റെ അമ്മാവനുമായ സി തങ്കപ്പൻ. അദ്ദേഹം മുൻ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനായിരുന്നു.

കൈരളി ടി വിയിലെ പ്രൊഡ്യൂസറായ ഉല്ലാസ് നേരത്തേ ഏഷ്യാനെറ്റിൽ സഹസംവിധായകനായിരുന്നു. അദ്ദേഹം വൈദ്യുതി ചാർജിനെതിരെ സമരം ചെയ്ത് ജയി‌ൽവാസം അനുഭവിച്ചിരുന്നു. 2001 മുത‌ൽ തിരഞ്ഞെടുപ്പുകളിൽ കുഞ്ഞുമോന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഉല്ലാസ്. ആശയാണ് ഉല്ലാസിന്റെ ഭാര്യ. പൊതുപ്രവർത്തനങ്ങ‌ൾക്കിടയിൽ വിവാഹം കഴിക്കാൻ മറന്നയാളാണ് കുഞ്ഞുമോൻ.

ഒരുമിച്ച് കളിച്ച് വളർന്നവർ, സുഹൃത്തുക്കൾ എന്നതിനപ്പുറം സഹോദരങ്ങ‌ൾ എന്നും ബന്ധമുള്ള ഇവരുടെ മത്സരം സി തങ്കപ്പനെയാണ് വെട്ടിലാക്കിയിരിക്കുന്നത്. ആരു ജയിച്ചാലും ആരു തോറ്റാലും ഒരു എം എൽ എ ചരുവിള വീടിനു സ്വന്തമാകുമെന്ന ആശ്വാസത്തിലാണ് അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :