തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (15:04 IST)
മുന്നണിബന്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു. യു ഡി എഫ് ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കൃഷിമന്ത്രി കെ പി മോഹനന് രാജിക്കത്ത് അയച്ചു കൊടുത്തു.
ഫ്രാൻസിസ് ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ട്രാവന്‍കൂര്‍ സിമന്‍റ്സ് ചെയര്‍മാന്‍ സ്ഥാനം ആന്‍റണി രാജുവും രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസു (എം)മായുള്ള ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് പോകുന്നതിനു മുന്നോടിയായാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ സ്ഥാനമാനങ്ങള്‍ രാജി വെക്കുന്നത്.
അതേസമയം, സീറ്റു തര്‍ക്കം മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് തുടര്‍ച്ചയായി നേരിടേണ്ടി വരുന്ന അവഗണനകളാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ജോസ് കെ മാണിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു അടക്കമുള്ളവര്‍ക്ക് ജോസ് കെ മാണിയെ അംഗീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. കേരള കോണ്‍ഗ്രസ് പിളരുന്നതിന് ഇത് ഒരു മുഖ്യകാരണമെന്നാണ് റിപ്പോര്‍ട്ട്.