ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി തിരുവനന്തപുരം ജില്ലയില്‍ കെഎസ്ഇബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു

ശ്രീനു എസ്| Last Modified വെള്ളി, 8 ജനുവരി 2021 (18:54 IST)
ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെഎസ്ഇബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി ജില്ലയില്‍ കെ.എസ്.ഇ.ബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. നേമം ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ജില്ലയിലെ ആദ്യ ചാര്‍ജിംഗ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം ഇതിനോടകം കെ.എസ്.ഇ.ബി ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കളുടെ വര്‍ധനവും ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വില്‍പ്പനയും കണക്കിലെടുത്ത് വൈദ്യുതിഭവന്‍, എയര്‍പോര്‍ട്ട്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ്, ആറ്റിങ്ങല്‍ നാളികേര വികസന കോര്‍പറേഷന്‍, പവര്‍ഹൗസ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വിഴിഞ്ഞം എന്നിങ്ങനെ എട്ട് ഇടങ്ങളില്‍ കൂടി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

നേമത്തെ ചാര്‍ജിംഗ് സ്റ്റേഷനില്‍ 20, 60 കിലോ വാട്ടുകള്‍ വീതമുള്ള ഓരോ ഫില്ലിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകള്‍ കേന്ദ്രീകരിച്ചു ഓരോ സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാല്‍ പരമാവധി ഒരുമണിക്കൂറിനകം കാറുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. സംസ്ഥാനത്താകെ 156 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി പുതുതായി ആരംഭിക്കുന്നത്. കൂടാതെ മറ്റ് സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ഇതിനായുള്ള സാങ്കേതിക സഹായവും നല്‍കിവരുന്നു. അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപഭോഗ കുറയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളും കെ.എസ്.ഇ.ബി ഏറ്റെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :