തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (14:32 IST)
സ്ത്രീകള്‍ക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മര്‍ദ്ദിച്ച്
ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ്കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. അതേ സമയം ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു. നിയമം കൈയിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ല.