ശ്രീനു എസ്|
Last Updated:
ബുധന്‍, 8 ജൂലൈ 2020 (16:32 IST)
തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഒരാളില്‍നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
പുറത്തു നിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തും. പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കും.