തിരുവനന്തപുരം|
Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (12:37 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 20ന് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ദേശസാത്കൃത റൂട്ടുകളില്‍ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക, എം പാനല്‍ ദിവസവേതനം 500 രൂപയാക്കുക, ഡി എ കുടിശിക അനുവദിക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങള്‍. കെ എസ് ആര്‍ ടി സി എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ നിലപാടു മാറ്റാന്‍ തയ്യാറാകാത്തതിനാല്‍ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് കെ എസ് ആര്‍ ടി ഇ എ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി വിവിധ യൂണിറ്റുകളില്‍ ധര്‍ണ്ണ നടത്തി.