തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 13 ജൂണ്‍ 2017 (20:02 IST)
പഴ്സണൽ സ്റ്റാഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടിപി സെൻകുമാറിന് സർക്കാർ താക്കീത്.
സ്റ്റാഫിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം ഇന്നുതന്നെ നടപ്പാക്കാന്‍
സർക്കാർ ഡിജിപിക്കു നിർദേശം നൽകി. പേഴ്സണൽ സ്റ്റാഫ് ഉദ്യോഗസ്ഥൻ അനിൽ കുമാറിന്റെ സ്ഥലംമാറ്റം ഉടൻ നടപ്പാക്കാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്.
അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും കൂടെ നിർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് സെൻകുമാർ കത്ത് നൽകിയിരുന്നു. ഈ ആവശ്യം തള്ളിയാണ് സർക്കാർ പൊലീസ് മേധാവിക്ക് അന്ത്യശാസനം നൽകിയത്.
അനിൽ കുമാറിനെ മാറ്റുന്നതിനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സെൻകുമാർ സർക്കാരിനു കത്തുനൽകിയിരുന്നു. അഞ്ചുവർഷമായി തനിക്കൊപ്പമുള്ള ഉദ്യോഗസ്ഥനെ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
സർക്കാർ അന്ത്യശാസനം നൽകിയ നിലയ്ക്ക് ഉത്തരവ് സെൻകുമാർ നടപ്പാക്കേണ്ടിവരുമെന്നാണ് സൂചന. ജൂൺ മുപ്പതിനാണു സെൻകുമാർ വിരമിക്കുന്നത്.