തിരുവനന്തപുരം|
jibin|
Last Modified ശനി, 6 മെയ് 2017 (17:51 IST)
സംസ്ഥാന പൊലീസില്‍ നടത്തിയ അഴിച്ചുപണികൾ സംബന്ധിച്ച് ആശങ്കകളില്ലെന്ന് ഡിജിപി ടിപി
സെൻകുമാർ. സ്ത്രീ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമായിരിക്കും പൊലീസ് പ്രാധാന്യം നല്‍കുന്നത്. വാഹനാപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിനുളള നീക്കങ്ങള്‍ നടത്തും. നാടിനും സര്‍ക്കാരിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും പൊലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ചുമതലയേറ്റത്. പൊലീസ് മേധാവി സര്‍ക്കാരിന് കീഴിലുളള ഉദ്യോഗസ്ഥന്‍ മാത്രമാണ്. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ കാണും. പൊലീസിന് എപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന നിയമപ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
സര്‍ക്കാരും താനും നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രശ്‌നവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. രമണ്‍ ശ്രീവാസ്തവയെ ഉപദേശവായി നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഉപദേശം നൽകുകയാണ് ശ്രീവാസ്തവയുടെ ചുമതല. മുൻ പൊലീസ് മേധാവിക്ക് മാർക്കിടാൻ താനില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.