തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 26 ജൂലൈ 2016 (13:37 IST)
ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. കേസ് പരിഗണിച്ച വിജിലന്‍സ് കോടതിയാണ് വിജിലന്‍സിന് നിര്‍ദ്ദേശം നല്കിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലുമാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. കേസ് അടുത്തമാസം 29ന് വീണ്ടും പരിഗണിക്കും.
അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ആറ് പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിര്‍ണായകരേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും വരുംദിവസങ്ങളില്‍ പരിശോധന നടക്കും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമാക്കി.