തൃപ്പുണിത്തുറ|
സജിത്ത്|
Last Updated:
വ്യാഴം, 21 ഏപ്രില്‍ 2016 (11:24 IST)
തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വി എസിനെ മണ്ഡലത്തില്‍ എത്തിക്കാന്‍ പാര്‍ട്ടി ശ്രമം. സ്വരാജിന്റെ യോഗങ്ങളില്‍ ആള് കുറയുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. ഈ മാസം 27ന് വിഎസ് തൃപ്പൂണിത്തുറയില്‍ എത്തും. ജില്ലയില്‍ രണ്ടിടത്താണ് വിഎസ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്നത്.
പ്രചാരണം ശക്തമാക്കാന്‍ ഡി വൈ എഫ് ഐ മണ്ഡലത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചെങ്കിലും പാളിപ്പോയെന്നാണ് നേതാക്കളുടെ അഭിപ്രായം. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി തന്നെ മത്സരരംഗത്ത് എത്തിയിട്ടും പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പക്കാരുടെ പങ്കാളിത്തം കുറഞ്ഞത് നേതൃത്വത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനനേതൃത്വം ഇടപ്പെട്ട് തൃപ്പുണിത്തുറയില്‍ പ്രചരണം ശക്തമാക്കാന്‍ ശ്രമം ആരംഭിച്ചത്.
ഇനിയും തണുപ്പന്‍ നീക്കങ്ങളുണ്ടായാല്‍ അതുമൂലമുണ്ടാവുന്ന ഭവിഷത്തിന് തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി നേതാക്കള്‍ മറുപടി പറയേണ്ടതായും വരും. അതിനാലാണ് പ്രാദേശിക നേതാക്കള്‍ പ്രചാരണ രംഗത്തിറങ്ങിയത്. ഗ്രൂപ്പ് വഴക്കുകള്‍ ഒഴിവാക്കാനും പ്രശ്നങ്ങള്‍ പറഞ്ഞുതീര്ക്കാനുമുള്ള ശ്രമങ്ങളും മണ്ഡലത്തില്‍ നടക്കുന്നുണ്ട്.