തിരുവനന്തപുരം|
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (12:52 IST)
സംസ്ഥാനത്തെ മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി വി രാജ മാധ്യമപുരസ്‌കാരം ദീപിക സ്റ്റാഫ് റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസ് അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 2013 മാര്‍ച്ച് 10 ന് ദീപികയില്‍ പ്രസിദ്ധീകരിച്ച 'ജീവിതം തേടിയുള്ള ഓട്ടം' എന്ന ഫീച്ചറാണ് തോമസ് വര്‍ഗീസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
2014 ലെ ജി വി രാജ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ പുരസ്‌കാരവും തോമസ് വര്‍ഗീസ് കരസ്ഥമാക്കിയിരുന്നു.
ഇടുക്കി കുമളി ചക്കുപള്ളം വളയംകുഴിയില്‍ വര്‍ഗീസിന്റെയും ഡെയ്‌സിയുടെ പുത്രനായ തോമസ് വര്‍ഗീസ് 2006 ലാണ് ദീപികയില്‍ സബ്എഡിറ്ററായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി സേവനം അനുഷ്ഠിക്കുന്നു. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസും കൊച്ചി, അമൃത്സര്‍, ലുധിയാന, ഇറ്റാവ, പൂനൈ, റാഞ്ചി എന്നിവിടങ്ങളില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസും ദീപികയ്ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.