aparna|
Last Modified ബുധന്‍, 15 നവംബര്‍ 2017 (08:05 IST)
കായൽകൈയ്യേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള തീരുമാനം ഇന്നറിയാം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിനു മുൻപായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. ഇതിനായി മുഖ്യമന്ത്രി ചാണ്ടിയെയും എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനേയും ക്ഷണിച്ചിരിക്കുകയാണ്.
തന്നെയും ചാണ്ടിയേയും മുഖ്യമന്ത്രി വിളിപ്പിച്ച കാര്യം
പീതാംബരൻ തന്നെയാണ് വ്യക്തമാക്കിയത്. ചണ്ടിയുടെ രാജിക്കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ലെന്നും പീതാംബരൻ അറിയിച്ചു. ചാണ്ടി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.
തോമസ് ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതി വാക്കാൽ രൂക്ഷ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിരുന്നു.
അതേസമയം, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി ദേശീയ നേതൃത്വം വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി വന്നശേഷം സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ പ്രതിപക്ഷവും രംഗത്തിറങ്ങിയിരിക്കുകയാണ്.